റാന്നി: പ്രളയ നഷ്ടത്തിന്റെ കണക്കെടുപ്പിനു പോലുമാകാതെ റാന്നിയിലെ പല വ്യാപാരസ്ഥാപനങ്ങൾ പലതും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. അപ്രതീക്ഷിത നഷ്ടത്തിന്റെ വിങ്ങലിലാണ് വ്യാപാരികൾ. പന്പ കരകവിഞ്ഞ് റാന്നിയിലെ വ്യാപാര സ്ഥാപനങ്ങളിൽ മുന്പും വെള്ളം കയറിയിട്ടുണ്ടെങ്കിലും 2018നുശേഷം ഇത്രവലിയ നഷ്ടം ഏറ്റുവാങ്ങേണ്ടി വരുന്നത് ഇതാദ്യമായാണ്. പലർക്കും അന്നുണ്ടായതിലും അധികമാണ് നഷ്ടം. ഓണം അടുത്തിരിക്കേ ഇനി ഒരു വീണ്ടെടുപ്പ് ഉടൻ സാധ്യമല്ലെന്ന് വ്യാപാരികൾ പറയുന്നു. ഇക്കാരണത്താലാണ് പലരും കടകൾ തുറന്നു നോക്കാൻ പോലും മടിക്കുന്നത്. ടൗൺ പ്രദേശവും ഏറെക്കുറെ വിജനമാണ്. വെള്ളം കയറാത്ത കടകൾ തുറന്നെങ്കിലും വ്യാപാരം നടക്കുന്നതേയില്ല.
ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഏറെപ്പേർക്കും സംഭവിച്ചിരിക്കുന്നത്. ഓണത്തിനു മുന്നോടിയായി സ്റ്റോക്കെടുത്തു സൂക്ഷിച്ചിരുന്ന വസ്ത്ര, സ്റ്റേഷനറി, ഫർണിച്ചർ വ്യാപാരികൾക്കാണ് നഷ്ടം ഏറെയുണ്ടായത്. മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടലുകൾ, ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, ചെരിപ്പ്, ബാഗ്, ഇലക്ട്രോണിക്സ്, മൊബൈൽ, പലവ്യഞ്ജന വ്യാപാരികൾ തുടങ്ങിയവരുടെ നഷ്ടവും ഭീമമാണ്. ജ്വല്ലറികളിലും വെള്ളം കയറി വൻ നഷ്ടമുണ്ടായി.
ഡിസ്പ്ലേ വസ്തുക്കൾ, ഫർണിച്ചറുകൾ എന്നിവയാണ് ഇവർക്കു നഷ്ടമായത്. മാമുക്കിലെ മാരുതി സർവീസ് സ്റ്റേഷനിലുണ്ടായിരുന്ന നൂറോളം വാഹനങ്ങളിൽ പകുതിയിലധികവും തകരാറിലായി. ടൗണിലെ ഇതര വർക്ക്ഷോപ്പുകളിലും സർവീസ് സ്റ്റേഷനുകളിലുമായി ഇരുചക്രവാഹനങ്ങളുൾപ്പെടെ വെള്ളം കയറി തകരാറിലായിട്ടുണ്ട്. ചെട്ടിമുക്ക്, പുളിമുക്ക് എന്നിവിടങ്ങളിൽ റേഷൻ കടകളിലും വെള്ളം കയറി ഭക്ഷ്യധാന്യങ്ങൾ അടക്കം നഷ്ടപ്പെട്ടു. മാമുക്കിനു സമീപം പടക്ക കടയിൽ ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങളാണ് നശിച്ചത്.
ഇട്ടിയപ്പാറ, മാമുക്ക്, പുളിമുക്ക്, പേട്ട, ചെട്ടിമുക്ക് ഭാഗങ്ങളിലെ വ്യാപാരികൾക്കാണ് നഷ്ടം ഏറെയുണ്ടായത്. ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന എല്ലാ കടകളിലേക്കും വെള്ളം കയറി. കടകളിൽ അവശേഷിച്ചത് മാലിന്യങ്ങൾ മാത്രമാണ്. ഞായറാഴ്ചയും ഇന്നലെയുമായി ശുചീകരണം നടത്തിയവരുണ്ട്. നീക്കം ചെയ്ത മാലിന്യങ്ങൾ കടകൾക്കു മുന്പിലേക്ക് കൂട്ടിയിട്ടെങ്കിലും ഇവ പൂർണമായി മാറ്റാനായിട്ടില്ല.
ഇതിനിടെ ഇന്നലെ രാവിലെ വീണ്ടും വെള്ളം കയറുമെന്ന മുന്നറിയിപ്പുണ്ടായി. ശബരിമല മേഖലയിലെ ശക്തമായ മഴയേ തുടർന്ന് പന്പാനദിയിൽ ജലനിരപ്പുയർന്നിരുന്നു. മാമുക്ക് തോട് കവിഞ്ഞ് വെള്ളം കയറുകയും ചെയ്തു. മാമുക്കിലെ സ്വകാര്യ ആശുപത്രിയുടെ താഴത്തെ നിലയിലേക്ക് ഇന്നലെയും വെള്ളം കയറി. ഞായറാഴ്ച ശുചീകരണം നടത്തി ഇന്നലെ പ്രവർത്തനം പുനരാരംഭിക്കാനിരുന്ന ആശുപത്രിക്കുള്ളിലേക്കാണ് വീണ്ടും വെള്ളം കയറിയത്.